പുതുപ്പള്ളി: ജോര്ജിയന് തീര്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് വലിയ പള്ളിയില് വിശുദ്ധ ഗീവര്ഗീസ് സഹദായുടെ പെരുന്നാളിനു കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് പുതുപ്പള്ളി, എറികാട് കരകളില്നിന്ന് ആഘോഷപൂര്വം കൊണ്ടുവന്ന കൊടിമരങ്ങൾ സ്ഥാപിച്ചു കൊടിയേറ്റിയതോടെ പെരുന്നാള് ചടങ്ങുകള് ആരംഭിച്ചു.
സഖറിയ മാര് സേവേറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റിന് കാർമികത്വം വഹിച്ചു. തുടര്ന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ് കര്മം വികാരി ഫാ. ആന്ഡ്രൂസ് ടി. ജോണ് നിര്വഹിച്ചു. മേയ് രണ്ടു വരെ ദിവസവും രാവിലെ 7.30നു വിശുദ്ധ കുര്ബാന.
ഇന്നു രാവിലെ 10ന് വയോജന സംഗമം. മേയ് ഒന്നിനു വൈകുന്നേരം 6.30ന് പുതുപ്പള്ളി കണ്വന്ഷന് ആരംഭിക്കും. മേയ് മൂന്നിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില് ഓര്ഡര് ഓഫ് സെന്റ് ജോര്ജ് പുരസ്കാരം എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷന്സ് ചെയര്മാന് ഡോ. ഗീവര്ഗീസ് യോഹന്നാന് നല്കും. അഞ്ചിനു വിശുദ്ധ മൂന്നിന്മേല് കുര്ബാന, പുതുപ്പള്ളി തീര്ഥാടനം.
ആറിനു രാവിലെ 11നു പൊന്നിന് കുരിശ് ത്രോണോസില് പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിനു വെച്ചൂട്ട് ഒരുക്കുന്നതിനുള്ള വിറകിടീല്ച്ചടങ്ങ്, പന്തിരുനാഴി പുറത്തെടുക്കല്, സന്ധ്യാനമസ്കാരത്തിനുശേഷം പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണം. ഏഴിന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവായുടെ കാര്മികത്വത്തില് ഒന്പതിന്മേല് കുര്ബാന. തുടര്ന്ന് വെച്ചൂട്ട് നേര്ച്ചസദ്യ, കുട്ടികള്ക്കുള്ള ആദ്യ ചോറൂണ്, ഉച്ചകഴിഞ്ഞു നടക്കുന്ന സമാപന പ്രദക്ഷിണത്തിനുശേഷം അപ്പവും കോഴിയിറച്ചിയും നേര്ച്ച.